പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. മാപ്പ് പറയാന്‍ തയ്യാറല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആദ്ധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം നിയോഗിക്കപ്പെട്ട പുരോഹിതര്‍ വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതിക്ക് മാറ്റം വന്നെങ്കില്‍ മാത്രമേ മെത്രാന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളുവെന്നും ഫെലിക്‌സ് ജെ. പുല്ലൂടന്‍ വ്യക്തമാക്കി.
വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തു വന്ന ബിഷപ്പ് തന്നെയാണ് പുതിയ വിവാദത്തിന് പിന്നിലും. ഇത്തരം മാനസിക രോഗികളെ മെത്രാന്‍ സമിതി നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം.
