ജെറുസലേം: ഇസ്രായേലില്‍ മഠാധിപതിയായ വൈദികന് നേരെ യഹൂദ ദേശീയവാദികള്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഫാ. നിക്കോദെമോസ് ഷ്നാബെല്‍ എന്ന വൈദികനെ രണ്ട് യുവ യഹൂദ ദേശീയവാദികളാണ് ആക്രമിച്ചതു. അർമേനിയൻ യഹൂദ ക്വാർട്ടേഴ്സുകൾക്കിടയിലുള്ള അതിർത്തിയിലെ സിയോന്‍ ഗേറ്റിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളും 20 വയസ്സുള്ള ഒരു യഹൂദനും വൈദികനെ തുപ്പുകയും അസഭ്യ വാക്കുകളാല്‍ യേശുവിനെതിരെ ആക്രോശിക്കുകയുമായിരിന്നു.
ജർമ്മൻ മാധ്യമപ്രവർത്തക നതാലി അമിരി ഈ രംഗം തത്സമയം പകർത്തിയതോടെ സംഭവം വിവാദമായി. യഹൂദ മതപാഠശാലകളും തീവ്ര ഓർത്തഡോക്സ് യഹൂദരും തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ബെനഡിക്ടൻ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സന്യാസികള്‍ പലപ്പോഴും തീവ്ര യഹൂദവാദികളില്‍ നിന്ന് ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ, ആശ്രമത്തിന് നേരെ കല്ലേറ് ഉണ്ടായ സംഭവം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. ഡിസംബർ അവസാനത്തിൽ, ഓർത്തഡോക്സ് സെമിത്തേരിയുടെ ചുവരിൽ ”ക്രിസ്ത്യൻ മിഷ്ണറിമാർ ഹമാസിനേക്കാൾ മോശമാണ്” എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിന്നു. സമീപ മാസങ്ങളിൽ, ക്രൈസ്തവര്‍ക്ക് നേരെ യഹൂദ ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വലുതാണെങ്കിലും യുദ്ധത്തിനിടെ വിഷയത്തിന് ശ്രദ്ധ ലഭിച്ചില്ലായെന്നാണ് പുറത്തുവരുന്ന വിവരം.
