ജീന്‍സും ടീ ഷര്‍ട്ടും സംസ്‌കാരത്തിന് വിരുദ്ധം; വിദ്യാഭ്യാസ വകുപ്പില്‍ അനുവദിക്കില്ല ഉത്തരവുമായി ബീഹാര്‍ സര്‍ക്കാര്‍
പട്‌ന: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് ഓഫീസില്‍ ജീന്‍സും പാന്റും ധരിച്ച് വരരുതെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സുബോദ് കുമാര്‍ ചൗധരി ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിലേക്ക് ക്യാഷ്വല്‍ ഡ്രസുകള്‍ ധരിച്ചെത്തുന്നത് ഓഫീസ് സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
‘ഓഫീസ് സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിലേക്ക് ക്യാഷ്വല്‍ ഡ്രസുകള്‍ ധരിച്ചെത്തുന്നത് ഒാഫീസ് സംസ്‌കാരത്തിന് വിരുദ്ധമാണ്. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാഭ്യാസ വകുപ്പ് ഓഫീസിലേക്ക് ഔദ്യോഗിക വസ്ത്രങ്ങള്‍ ധരിച്ചെത്തണം. ടീ ഷര്‍ട്ടും ജീന്‍സും പോലുള്ള ക്യാഷ്വല്‍ ഡ്രസുകള്‍ ഓഫീസില്‍ അനുവദിക്കില്ല,’ ഉത്തരവില്‍ പറയുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഏത് സാഹചര്യത്തിലും ജീവനക്കാര്‍ ടീ ഷര്‍ട്ടും പാന്റും ധരിച്ച് ഓഫീസില്‍ എത്തരുതെന്നാണ് ഉത്തരവിലുളളത്. ജീവനക്കാര്‍ക്കിടയില്‍ പ്രൊഫഷണലിസവും അച്ചടക്കവും ഉണ്ടാക്കാനാണ് നിരോധനം ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എല്ലാ ജീവനക്കാരും ചട്ടങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
നേരത്തെ, ഓഫീസുകളില്‍ സമയനിഷ്ഠ പാലിക്കുന്നതിനായി ഉദ്യോഗസ്ഥരും ജീവനക്കാരും ബയോമെട്രിക് സംവിധാനം വഴി ഹാജര്‍ രേഖപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.കെ. പഥക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
