കൊച്ചി : കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാരിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗവുമാണെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിലെ പല ശുപാർശകളും മറ്റു പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്ന് വിഎച്ച്പി ആരോപിച്ചു. പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബജറംഗ് ലാൽ ബാഗ്ര പറഞ്ഞു. ഇത്തരം നീക്കങ്ങൾ വ്യാപകമായ മതപരിവർത്തനത്തിന് വഴിതെളിക്കുമെന്നും യഥാർത്ഥ പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അർഹമല്ലാത്തവരിലേക്ക് എത്തുമെന്നുമാണ് സംഘടനയുടെ വാദം. ഇതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും വിഎച്ച്പി ആലോചിക്കുന്നുണ്ട്.

Comments are closed.