കോവിഡിനെ പ്രതിരോധിക്കാൻ അദ്‌ഭുത ഇൻഹേലറുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
ഇസ്രായേൽ : കോവിഡിനെ പ്രതിരോധിക്കാൻ അദ്‌ഭുത ഇൻഹേലറുമായി ഇസ്രായേൽ. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എക്‌സോ-സിഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലർ രൂപത്തിൽ രോഗികള്‍ക്കു നല്‍കിയത്. 96 ശതമാനമാണ് ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഇത് കോവിഡിനെതിരെ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നത്. മരുന്നിന്റെ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഇന്‍ഹെയ്‌ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതര്‍ പറഞ്ഞു. കാൻസർ ചികിത്സയ്ക്ക് എക്‌സോ-സിഡി24 ചികിത്സ വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു കഴിഞ്ഞ ആറു വര്‍ഷമായി നദീര്‍ ആബെര്‍.
പരീക്ഷണം വിജയിച്ച ശേഷം “അത്ഭുത കണ്ടുപിടുത്തം” എന്നാണ് നദ്രി ആബർ ഇതിനെ വിശേഷിപ്പിച്ചത്. ” എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തി വൈറസിനെ ഇല്ലാതാക്കാൻ കഴിയും ” , നദ്രി പറഞ്ഞു. “ഈ ഉപകരണം പൊതുജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്നതിന് ദേശീയ അന്തർദേശീയ ആരോഗ്യ അധികാരികൾ അംഗീകരിക്കേണ്ടതുണ്ട്”, നദ്രി കൂട്ടിച്ചേർത്തു.
