ഹൈഫ: ഇസ്രായേലിലെ ഹൈഫ നഗരത്തിൽ ക്രിസ്മസ് ആഘോഷത്തിനിടെ കരോൾ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വാദി അൽ-നിസ്നാസ് പ്രദേശത്ത് നടന്ന ആഘോഷ പരിപാടി പൊലീസ് തടഞ്ഞുവെന്നും സാന്താക്ലോസിന്റെ വേഷം ധരിച്ച ഒരാളെ ഉൾപ്പെടെ ചിലരെ കസ്റ്റഡിയിലെടുത്തുവെന്നുമാണ് റിപ്പോർട്ട്.
ക്രിസ്മസ് സംഗീതവും അലങ്കാരങ്ങളുമായി നടന്ന പരിപാടിയിലേക്കാണ് പൊലീസ് സംഘം എത്തിയത്. ആഘോഷം അവസാനിപ്പിക്കാൻ നിർദേശിച്ച ശേഷം ബലം പ്രയോഗം നടത്തിയതായും ചിലരെ വലിച്ചിഴച്ച് മാറ്റിയതായും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഡിജെയും പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ചിലരും പൊലീസ് കസ്റ്റഡിയിലായതായി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായ മതാഘോഷത്തിനെതിരെ അമിത ബലം പ്രയോഗിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചെങ്കിലും വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തെത്തി.

Comments are closed.