ജെറുസലേം : ഹമാസ് നേതാക്കള്‍ ഉള്‍പ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്. തീവ്രവാദികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ഗാസയിലെ കമാല്‍ അദ്വാന് ആശുപത്രിയില്‍ നടത്തിയ സൈനിക ഓപ്പറേഷനിലാണ് അറസ്റ്റ് നടത്തിയത്.
240-ലധികം ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന മറ്റ് പ്രവര്‍ത്തകര്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്. അവരില്‍ ചിലര്‍ രോഗികളായി നടിക്കുകയോ, ആംബുലന്‍സുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നുവെന്നും ഐഡിഎഫ് പ്രതികരിച്ചു. കമാല്‍ അദ്വാന് ഹോസ്പിറ്റല്‍ ഡയറക്ടറെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.
