കൊച്ചി : വന്യജീവി ആക്രമണത്തെ തുടർന്ന് മരണവും കൃഷിനാശവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് രാജ്യത്തൊട്ടാകെയുള്ള മനുഷ്യ – വന്യജീവി സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും സംബന്ധിച്ച് സമയം പാഴക്കാതെ തന്നെ പുനർ വിചിന്തനം നടത്തേണ്ടതിൻറെ ആവശ്യകതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യമൃഗ ആക്രമണ ഭീതിയിൽ കഴിയുന്നത്. മനുഷ്യരുടെ ജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമപരിഷ്കാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വനമേഖലയോട് ചേർന്ന് വസിക്കുന്നവരുടെ ജീവൻ, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനിൽപ് കൂടി പരിഗണിച്ചുകൊണ്ട് 1827 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പരിഷ്‌കരണങ്ങൾക്ക് വിധേയമാക്കണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം ആവശ്യപ്പെടുന്നു.
