ഇത് ശരിയല്ലേ…..?
പാസ്റ്റർ ജസ്റ്റിൻ കായംകുളം
ആളുകൾ കൂടുതൽ അസ്വസ്ഥർ ആകുന്നത് നാം അവർക്ക് ദോഷം ചെയ്യുമ്പോൾ മാത്രം അല്ല.നാം ജീവിതത്തിൽ അല്പം ഉയർച്ചയിലേക്ക് പോകുന്നു എന്ന് കാണുമ്പോഴാണ്. ആരെങ്കിലും പ്രശംസിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആണ്. ഒരു നല്ല വാഹനമോ, വീടോ, അല്ലെങ്കിൽ എന്തെങ്കിലും ഈ ലോകത്തിൽ ജീവിക്കാനാവശ്യമായ ഉന്നത നിലവാരത്തിൽ എത്തും എന്ന് കാണുമ്പോൾ ആണ്.
അപ്പോഴാണ് വിമർശനങ്ങൾ ഉയരുന്നത്, അപ്പോഴാണ് കുറ്റങ്ങൾ കണ്ടു പിടിക്കുന്നത്. ചിലർ മിണ്ടാതെ, സഹകരിക്കാതെ മാറിപ്പോകുന്നത്.
ചിലപ്പോൾ അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ചെയ്യാത്ത ആളുകൾ നിങ്ങളോട് സഹകരിക്കാതെയോ മിണ്ടാതെയോ അല്ലെങ്കിൽ ഏതെങ്കിലും സാഹചര്യം വരുമ്പോൾ കല്ലെറിയാൻ തയ്യാറാവുകയോ ചെയ്യുമ്പോൾ ഓർക്കുക നിന്നിൽ എവിടെയോ ഒരു നന്മയുണ്ട്, ഒരു വളർച്ചയുണ്ട്..
കുറ്റപ്പെടുത്തലുകളും പിണക്കങ്ങളിലും ഒതുക്കി നിർത്തലുകളിലും തകർന്ന് പോകണ്ട, അതിനെ വളർച്ചയ്ക്കുള്ള വളം ആക്കി മാറ്റുക.
പച്ചക്കറി നട്ടപ്പോൾ കൂടെ വളർന്ന കള ആദ്യം ഒരു ശല്യം ആയിത്തോന്നി.. പക്ഷെ കളകൾ നന്നായി വളർന്നപ്പോൾ കൊത്തിയിളക്കി ചെടികൾക്ക് പുതയിട്ടപ്പോൾ വളർച്ചയുടെ വേഗം കൂടി, കരുത്താർജ്ജിച്ചു വളർന്നു..
തളർത്തുന്ന വാക്കുകൾ, ഒറ്റപ്പെടുത്തലുകൾ, പരിഹാസം,വേദനിപ്പിക്കൽ ഇതെല്ലാം വളർച്ചയുടെ ചവിട്ട് പടികളാക്കി മാറ്റുക.
