ഇറാൻ : ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പുതിയ ആണവ നിർദ്ദേശം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ-ബുസൈദിക്ക് കൈമാറി. ജനീവയിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള മൂന്നാം വട്ട പരോക്ഷ ചർച്ചകൾക്ക് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം .ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്ക ഉന്നയിക്കുന്ന തടസ്സവാദങ്ങളെയും ആശങ്കകളെയും മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിർദ്ദേശമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കരാറിലെത്തുന്നതിന് ആവശ്യമായ പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ രേഖ, വരാനിരിക്കുന്ന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് ടെഹ്‌റാന്റെ പ്രതീക്ഷ. ഒമാൻ വിദേശകാര്യ മന്ത്രി വഴി കൈമാറിയ ഈ നിർദ്ദേശങ്ങൾ വാഷിംഗ്ടൺ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജനീവ ചർച്ചകളുടെ ഭാവി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ കുറയ്ക്കുന്നതിനും സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും മധ്യസ്ഥനെന്ന നിലയിൽ ഒമാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. മുൻ ചർച്ചകളിൽ അംഗീകരിച്ച തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത്തരം ചർച്ചകൾ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.