കുമ്പനാട് : പെന്തക്കോസ്ത് വിഭാഗത്തിന് കേരള സർക്കാർ ഔദ്യോഗികമായി ‘സഭ’ പദവി നൽകാൻ തീരുമാനിച്ചത് ആത്മീയ-സാമൂഹിക മേഖലകളിൽ വലിയ മാറ്റത്തിന് വഴിതെളിക്കും. ദീർഘകാലമായി ഉയർന്നിരുന്ന ഈ ആവശ്യത്തിന് അംഗീകാരം ലഭിച്ചതിനെ ഐ.പി.സി (IPC) കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ ഹൃദ്യമായി സ്വാഗതം ചെയ്തു.
ഈ ചരിത്രപരമായ തീരുമാനം വിശ്വാസ സമൂഹത്തിന് വലിയ തോതിൽ പ്രയോജനപ്പെടും. സർക്കാർ തലത്തിലുള്ള ആനുകൂല്യങ്ങൾക്കും ഔദ്യോഗിക രേഖകൾക്കും ഇതോടെ കൂടുതൽ വ്യക്തത കൈവരും. ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ മന്ത്രിസഭയുടെ ഈ നീക്കത്തെ അഭിനന്ദിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത ക്രൈസ്തവ നേതാക്കളുടെ യോഗത്തിൽ ഐ.പി.സി പ്രതിനിധികളും പങ്കെടുത്തത് ഈ അംഗീകാരത്തിലേക്കുള്ള വഴിതുറന്നു.
മതപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം, പെന്തക്കോസ്ത് വിഭാഗത്തിന്റെ സാമൂഹിക സ്വീകാര്യത വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കും. സഭയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയമപരമായ കരുത്ത് പകരുന്ന സുപ്രധാന ചുവടുവെപ്പാണിത്.

Comments are closed.