തിരുവനന്തപുരം: കേരളത്തിൽ ബാറുകളുടെ പ്രവർത്തന സമയം നീട്ടാനുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരവും ജനദ്രോഹപരവുമാണെന്ന് പെന്തെക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ (PCI) സംസ്ഥാന കമ്മിറ്റി. ലഹരിമുക്ത കേരളമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് പിന്തിരിഞ്ഞ്, മദ്യമാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
മദ്യത്തിന്റെ ലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യവർജനം നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകിയ സർക്കാർ, ഇപ്പോൾ ബാറുകളുടെ സമയം വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബോധവൽക്കരണത്തിന് കോടികൾ ചിലവാക്കുമ്പോൾ തന്നെ, മറുവശത്ത് മദ്യശാലകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നത് ഇരട്ടത്താപ്പാണ്. ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ള ‘മൗനാനുവാദങ്ങൾ’ സംശയാസ്പദമാണ്. രാത്രി വൈകുവോളം ബാറുകൾ പ്രവർത്തിക്കുന്നത് ക്രമസമാധാന നില തകരാനും, വാഹനാപകടങ്ങൾ വർദ്ധിക്കാനും, കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനും കാരണമാകും.
യുവതലമുറയെ ലഹരിയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന നടപടിയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾ വർദ്ധിക്കുമ്പോൾ, ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പകരം മദ്യലഭ്യത വർദ്ധിപ്പിക്കുന്നത് ആരോഗ്യ കേരളത്തിന് വലിയ ഭീഷണിയാണ്. ബാറുകളുടെ സമയം നീട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് PCI സർക്കാരിനോട് ആവശ്യപ്പെടുന്നു. കേവലം നികുതി വരുമാനം മാത്രം ലക്ഷ്യമിട്ട് ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കുന്ന നയം തിരുത്തണം. പ്രഖ്യാപിത ലഹരി വിരുദ്ധ നയങ്ങൾ വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം.
ഈ ജനവിരുദ്ധ നടപടിക്കെതിരെ സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ പെന്തെക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നു.

Comments are closed.