ഐ.പി.സി. നോർത്തേൺ റീജിയൺ 53മത് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ 53-മത് ജനറൽ കൺവൻഷന് സമാപനമായി. ഞായറാഴ്ച രാവിലെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടന്ന സംയുക്ത ആരാധനയിൽ ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു. ഐ.പി.സി.എൻ.ആർ വൈസ് പ്രസിഡന്റ് പാസ്റ്റർ. ശാമുവേൽ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ സാമുവേൽ ജോൺ, പാസ്റ്റർ. റെജി മാത്യു, പാസ്റ്റർ. ഡേവിഡ് ലാൽ, പാസ്റ്റർ. പി.എം ജോൺ തുടങ്ങിയവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. \”ദൈവത്താൽ ഉപയോഗിക്കപ്പെടേണ്ടതിനു ഈ തലമുറ ദൈവത്തിങ്കലേക്ക് മടങ്ങിവരണമെന്ന്\” പാസ്റ്റർ പി.എം.ജോൺ തന്റെ സമാപന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകിയ സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു. സുദീർഘമായ വർഷങ്ങൾ ഐ.പി.സി.എൻ.ആറിൻ്റെ നേതൃനിരയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പാസ്റ്റർ. പി.എം ജോണിനേയും ബ്രദർ എം. ജോണിക്കുട്ടിയേയും സഭ ആദരിച്ചു. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ. ശാമുവേൽ ജോണിന്റെ പ്രാർത്ഥനയോടെ നാല് ദിവസങ്ങൾ നീണ്ടു നിന്ന സുവിശേഷ യോഗങ്ങൾക്ക് സമാപനമായി.
