ഫ്ലോറിഡ:അമേരിക്കയിലെ ഫ്ലോറിഡയിൽ ആശങ്കയുയർത്തി ഇഡാലിയ ചുഴലിക്കാറ്റ്. ഇന്ന് നിലം തൊടാൻ സാധ്യതയുള്ള കാറ്റ് കനത്ത് നാശനഷ്ടങ്ങൾ വിതച്ചേക്കുമെന്നാണ് നിഗമനം.ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്.
കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’ ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തി പ്രാപിച്ച് തുടങ്ങിയത്. മണിക്കൂറിൽ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയിൽ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ ഇന്ന് ഫ്ലോറിഡ തീരത്ത് നിലം തൊടുമെന്നാണ് പ്രവചനം .