ദൈവത്തെ കാണാൻ പട്ടിണി കിടക്കു വ്യാജ പാസ്റ്ററുടെ ഉപദേശം : മരിച്ചവരിൽ കുട്ടികളും ,ചിലരെ ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാസ്റ്ററുടെ ആഹ്വാനപ്രകാരം മരണം കാത്തുകിടന്ന 44 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി. വ്യാജ പാസ്റ്ററേയും 14 അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
നെയ്റോബി: പട്ടിണി കിടന്ന് മരിച്ചാൽ ക്രിസ്തുവിനെ കാണാനാകുമെന്ന വ്യാജ പാസ്റ്ററുടെ വാക്കുകേട്ട് കെനിയയിൽ പട്ടിണി കിടന്ന് മരിച്ചവരിൽ കുട്ടികളും. ചില കുട്ടികൾ ശ്വാസംമുട്ടിക്കപ്പെട്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പട്ടിണി കിടന്ന് മരിച്ചവരിൽ 110 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.
പാസ്റ്റർ പോൾ മക്കൻസി എന്നയാളുടെ ആഹ്വാനപ്രകാരം വനമേഖലയിൽ ദിവസങ്ങളായി പട്ടിണികിടന്നവരാണ് മരിച്ചത്. ഇയാളുടെ അനുയായികളായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മലിൻഡി നഗരത്തോട് ചേർന്ന 800 ഏക്കർ വനമേഖലയിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്. പാസ്റ്ററുടെ ആഹ്വാനപ്രകാരം മരണം കാത്തുകിടന്ന 44 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി. വ്യാജ പാസ്റ്ററേയും 14 അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയാണ് പാസ്റ്റർ പോൾ മക്കൻസിയുടെ പ്രവർത്തനം. നിരവധി അനുയായികൾ ഇയാൾക്കുണ്ട്. പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിലെത്താമെന്നും യേശുക്രിസ്തുവിനെ കാണാനാകുമെന്നായിരുന്നു പാസ്റ്റർ തന്‍റെ അനുയായികളെ വിശ്വസിപ്പിച്ചത്. തുടർന്ന് പാസ്റ്ററുടെ അനുയായികൾ വനമേഖലയിൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തു കിടക്കുകയായിരുന്നു. മൃതദേഹങ്ങൾ ആഴം കുറഞ്ഞ കുഴിയിൽ മൂടിയ നിലയിലാണ് കണ്ടെത്തിയത്. വനമേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് അധികൃതർ തിരച്ചിൽ തുടരുന്നത്.
