വ്യാജ മതനിന്ന കേസിൽ ജയിലിൽ കഴിയുന്ന ക്രൈസ്തവ വിശ്വാസിയുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവർത്തർ
കറാച്ചി:കഴിഞ്ഞ അഞ്ചു മാസങ്ങളായി പാക്കിസ്ഥാനി ജയിലില്‍ കഴിയുന്ന റെഹ്മത് മസി എന്ന നാല്‍പ്പത്തിനാലുകാരനായ ക്രൈസ്തവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഖുറാനെ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് റെഹ്മത് അറസ്റ്റിലാകുന്നത്. സംസം പബ്ലിഷേര്‍സ് പ്രസിദ്ധീകരിച്ച ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ താളുകളില്‍ അഴുക്കാക്കുകയോ അവഹേളിക്കുകയോ ചെയ്തു എന്നായിരുന്നു ആരോപണം. 2021 ഡിസംബര്‍ 25-ന് മലിന ജലം ഒഴുകുന്നയിടത്ത് ഖുറാന്റെ പേജുകള്‍ കിടക്കുന്ന വീഡിയോ പോലീസ് കാണുവാന്‍ ഇടയായതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. 2022 ജനുവരി 3-നാണ് മതനിന്ദ ആരോപിക്കുന്നത്. റെഹ്മതിനെതിരെ യാതൊരു തെളിവുമില്ലെന്നും, ക്രൂരമായി മര്‍ദ്ദിച്ച് അദ്ദേഹത്തേക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും റെഹ്മത് മസിയുടെ കേസ് മുന്നോട്ട് കൊണ്ടുപോകുന്ന വോയിസ് ഓഫ് ദി ജസ്റ്റിസ് എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റായ ജോസഫ് ജാന്‍സന്‍ വെളിപ്പെടുത്തി. ഭയവും പട്ടിണിയും കാരണം റെഹ്മതിന്റെ കുടുംബം നാടുവിട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
