ഇറാൻ : ഇറാനിൽ വിശ്വാസപരമായ കാരണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ 139 പേർ അറസ്റ്റിലായ സ്ഥാനത്ത്, 2025-ൽ 254 ക്രൈസ്തവരാണ് തടവിലാക്കപ്പെട്ടതെന്ന് ആർട്ടിക്കിൾ 18 , ഓപ്പൺ ഡോഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പിടിക്കപ്പെട്ടവരിൽ 90 ശതമാനം പേർക്കെതിരെയും ഇസ്‌ലാം മതത്തിന് വിരുദ്ധമായ പ്രചാരണം നടത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തടവുശിക്ഷ, നാടുകടത്തൽ, നിർബന്ധിത ജോലി എന്നിവ അനുഭവിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2024-ൽ ഇത് 25 ആയിരുന്നെങ്കിൽ 2025-ൽ 57 ആയി ഉയർന്നു. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായെങ്കിലും അവർക്ക് ലഭിച്ച മൊത്തം ശിക്ഷാ കാലാവധി (280 വർഷം) മുൻവർഷത്തേക്കാൾ കൂടുതലാണ്. ഇത് ഇറാനിലെ കോടതികൾ ക്രൈസ്തവർക്കെതിരെ കൂടുതൽ കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിന്റെ സൂചനയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Comments are closed.