ഇന്‍ഷുറന്‍സ് കേസുകളില്‍ നഷ്ടപരിഹാരം വിലയിരുത്തുമ്പോള്‍ ഒരു വീട്ടമ്മയുടെ വരുമാനം ഒരു ദിവസ വേതന തൊഴിലാളിക്ക് നല്‍കേണ്ട തുകയേക്കാള്‍ കുറവാണെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും ഒരു ദിവസ വേതനക്കാരന് അനുവദനീയമായതിനേക്കാളും കുറവായിരിക്കരുത് ഒരു വീട്ടമ്മയുടെ വരുമാനം.
മരിച്ച സ്ത്രീയുടെ കുടുംബം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ 16,85,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വാഹനം ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലെയിം അനുവദിക്കുന്നത് നിരസിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി നഷ്ടപരിഹാരമായി 2,50,000 രൂപയാണ് വിധിച്ചത്. കുടുംബം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ വിധി വസ്തുതാപരവും നിയമപരവുമായ പിഴവുകള്‍ നിറഞ്ഞതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മരിച്ച സ്ത്രീയുടെ പ്രതിമാസ വരുമാനം 4,000 രൂപയില്‍ കുറവായിരിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. ആറ് ലക്ഷം രൂപയാണ് സുപ്രീംകോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
