ലണ്ടൻ : റഷ്യയെ ബ്രിട്ടൻ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ഔദ്യോഗികമാണ്. ഇതോടെ പുടിന്റെ ഭരണകൂടത്തിനുവേണ്ടി പ്രവർത്തിക്കുന്ന റഷ്യൻ ഏജന്റുമാർ അവരുടെ പ്രവർത്തനങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാകുമെന്നും അല്ലെങ്കിൽ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് സുരക്ഷാ മന്ത്രി പറഞ്ഞു.
ആദ്യമായാണ് ഇത്തരമൊരു നടപടി. സാലിസ്ബറിയിലെ വിഷബാധ, ചാരവൃത്തി, സൈബർ ആക്രമണങ്ങൾ, ഉക്രൈൻ അധിനിവേശം എന്നിവയുൾപ്പെടെയുള്ള ശത്രുതാപരമായ പ്രവർത്തനങ്ങളിലൂടെ റഷ്യ യുകെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി ജാൻ ഡാർവിസ് പറഞ്ഞു. ഇതോടെ യുകെയുടെ താൽപ്പര്യങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന രാജ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഏറ്റവും ഉയർന്ന നിരയിലേക്ക് റഷ്യയെ ചേർക്കും.
