ഹോങ്കോങ്: ഹോങ്കോങ്ങിന്റെ നിയമനിർമാണം മതസ്വാതന്ത്ര്യത്തെ കൂടുതൽ ഹനിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിൽ അഭയം പ്രാപിച്ച ഹോങ്കോങ്ങ് സ്വദേശിയും വിശ്വാസിയുമായ ഫ്രാൻസിസ് ഹൂയിയുടെ മുന്നറിയിപ്പ്. ആർട്ടിക്കിൾ 23 എന്ന് പേരിട്ടിരിക്കുന്ന നിയമനിർമ്മാണം 2020ൽ പാസാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ അധികാര പരിധി വർദ്ധിപ്പിക്കുമെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ഭീഷണിയായി തീരുമെന്നും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഫ്രാൻസിസ് ഹൂയി പറഞ്ഞു.
ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവ വിശ്വാസിയും ജനാധിപത്യ വാദിയുമായ ജിമ്മി ലായി ഏറെക്കാലമായി ജയിലിലാണ്. അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ പോലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് ഹൂയി പ്രസ്താവിച്ചു. ആർട്ടിക്കിൾ 23 പാസായാൽ ഏറെക്കാലമായി രാഷ്ട്രീയ എതിരാളികളുടെ മേൽ സർക്കാർ നടത്തുന്ന അടിച്ചമർത്തൽ കൂടുതൽ ശക്തമാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.
വിദേശ സംഘടനകളെയും, അവരുടെ ഹോങ്കോങ്ങിലെ പ്രവർത്തനത്തെയും ലക്ഷ്യംവെക്കുമെന്ന് സൂചനയുള്ളതിനാല്‍ അത് വിദേശ ക്രൈസ്തവ മിഷ്ണറിമാരെയും, ഹോങ്കോങ്ങിലെ സഭയ്ക്ക് വത്തിക്കാനുമായുള്ള സമ്പർക്കത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് ഹൂയി പറഞ്ഞു. വത്തിക്കാൻ ഒരു വിദേശരാജ്യം ആയതുകൊണ്ട്, ഹോങ്കോങ്ങിലെ സഭയ്ക്ക് അവരുമായുള്ള സമ്പർക്കം പോലും ഒരുപക്ഷേ നിര്‍ത്തേണ്ടി വരും.
