ജമ്മു: കനത്ത മഴയും മണ്ണിടിച്ചിലിലും കാരണം റംബാൻ ജില്ലയിൽ ചൊവ്വാഴ്ച ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. ഇരുനൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.ജമ്മു മേഖലയിൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും രണ്ടാം ദിവസവും തുടർന്നു. കനത്ത മഴയെത്തുടർന്ന് കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേ റംബാൻ ജില്ലയിലെ ദൽവാസ്, മെഹ്ദ്, ത്രിശൂൽ മോർ എന്നിവിടങ്ങളിൽ അടച്ചതായി അധികൃതർ അറിയിച്ചു. റോഡിലെ പാറകളും മണ്ണും നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കാശ്മീര്‍ താഴ്‌വരയിലെ ഷോപ്പിയാനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ് തുടര്‍ച്ചയായ രണ്ടാം ദിവസവും പിര്‍ കി ഗലി മേഖലയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചു.
