ഗ്രേറ്റർ നോയിഡ : ഉത്തരേന്ത്യയിലെ പ്രമുഖ ക്രൈസ്തവ സംഗമമായ ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവലിന് മിഷൻ കോളേജ് ക്യാമ്പസിൽ തുടക്കമായി. കൺവൻഷൻ ഡയറക്ടർ റവ. ബാബു ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ഇന്നത്തെ കലുഷിതമായ ലോകാന്തരീക്ഷത്തിൽ മാനവരാശിയുടെ ഏക പ്രതീക്ഷ യേശുക്രിസ്തു മാത്രമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ പുനരാഗമനത്തോടെ വിശ്വാസികളുടെ കഷ്ടതകൾക്ക് അറുതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീഡനങ്ങൾ അഴിച്ചുവിടുന്നവരെപ്പോലും സ്നേഹിക്കുക എന്നതാണ് യഥാർത്ഥ ക്രിസ്തുധർമ്മമെന്ന് റവ. വി.റ്റി. മാത്യു ചടങ്ങിൽ പ്രസംഗിച്ചു. സ്തെഫാനോസ് തന്നെയെറിഞ്ഞവരോട് ക്ഷമിച്ചപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ട അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആർക്കും വേണ്ടാത്തവരെ മാറോടണയ്ക്കാനാണ് ദൈവം ക്രിസ്തുവിനെ ലോകത്തേക്ക് അയച്ചതെന്നും, ആ ദൗത്യമാണ് ഹാർവെസ്റ്റ് മിഷൻ ഏറ്റെടുത്ത് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജ് പ്രിൻസിപ്പൽ റവ. ബിജു ജോൺ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ നിരവധി വിശ്വാസികളും നേതാക്കളും പങ്കെടുത്തു. വരും ദിവസങ്ങളിൽ വിവിധ ആത്മീയ ശുശ്രൂഷകളും സെമിനാറുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ഉത്തരേന്ത്യൻ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമ്മേളനം വലിയ കരുത്ത് പകർന്നു നൽകുന്നു.

Comments are closed.