എജി തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുയോഗങ്ങൾക്കും വോട്ടുപിടുത്തത്തിനും ഞാനില്ല, ദൈവജനം തെരഞ്ഞെടുത്താൽ ഗ്രൂപ്പിസത്തിൽ നിന്ന് സഭയെ മോചിപ്പിക്കും” : ഡോ. കെ.ജെ. മാത്യു
വാളകം : ഗ്രൂപ്പ് മീറ്റിങ്ങിനും വോട്ട് പിടിത്തത്തിനുമില്ലെന്നാണ് ഡോ. കെ.ജെ. മാത്യുവിൻ്റെ നിലപാട് . ജനം തെരഞ്ഞെടുത്താൽ നേതൃസ്ഥാനം സന്തോഷത്തോടെ സ്വീകരിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനും എസ്ഐഎജി ജനറൽ സെക്രട്ടറിയുമായ കെ. ജെ. മാത്യു. എജി മലയാളം ഡിസ്ട്രിക്ട് തെരഞ്ഞെടുപ്പ് അടുത്തെത്തി. ഈമാസം 12, 13 തീയതികളിൽ വാളകം ലാന്റ് മാർക്ക് കൺവൻഷൻ സെന്ററിൽ കോൺഫറൻസ് നടക്കും.
വിഭാഗീയതയുടെ ‘ദുരാത്മാ’വായ ഗ്രൂപ്പുകൾ സജ്ജീവമായി. മൂന്നു മേഖലയിലും നേതാക്കന്മാരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗങ്ങൾ തകൃതിയായി നടക്കുന്നു. സെക്ഷൻ തലത്തിൽ പോലും വോട്ടുപിടിത്തവും ഗ്രൂപ്പ് മീറ്റിങ്ങും പൊടിപൊടിക്കുകയാണ്. വെയിലും ചൂടും നോക്കാതെ മത്സരാർത്ഥികൾ നെട്ടോട്ടം ഓടിത്തുടങ്ങി. ഫോൺ വിളികൾ കേട്ട് ശുശ്രൂഷകർ മടുത്തു. ‘തേൻപുരട്ടിയ’ വാക്കുകൾ എത്ര ആർദ്രതയോടെയാണ് തട്ടിവിടുന്നത്. ആത്‍മാർത്ഥത ഇല്ലെന്ന് മാത്രം! . കെജെ ഒരു ഗ്രൂപ്പിനെയും പ്രോത്സാഹിപ്പിക്കാൻ തയ്യാറല്ല എന്നാണ് കേൾക്കുന്നത്. ആരോടും വോട്ടു ചോദിക്കാനും ഗ്രൂപ്പ് യോഗം നടത്താനും കെ ജെ ഇറങ്ങില്ല. ദൈവസഭയിൽ മത്സരം പാടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ പാസ്റ്റർ കെ. ജെ. മാത്യുവിന്റെ തീരുമാനം മാതൃകയും നീതിയുമാണ്. അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു. ജനത്തിന് താൽപര്യമുണ്ടെങ്കിൽ മതി സ്ഥാനമാനങ്ങൾ. ഇല്ലെങ്കിൽ വേണ്ട. സൂപ്രണ്ട് സ്ഥാനം ദൈവം തന്നാൽ ഗ്രൂപ്പില്ലാത്ത എജിക്കായിരിക്കും മുൻസ്ഥാനം. അതിനുവേണ്ടി തന്നെ ഉറച്ചുനിൽക്കുമെന്നദ്ദേഹം തറപ്പിച്ചുപറയുന്നു. ആദർശത്തിനും വിശ്വാസത്തിനും കോട്ടംവരാതെ ഐക്യതയിൽ തന്നെ എല്ലാവരെയും നയിക്കുമെന്നാണ് ഏവരും കരുതുന്നത്.
നല്ല സഭയ്ക്കും സ്ഥാനത്തിനും വേണ്ടി ചാടികളിക്കുന്നവർക്ക് യോഗ്യതയുള്ളവരെ കാണാൻ കണ്ണില്ല എന്നതാണ് സത്യം.
“ദൈവം തെരഞ്ഞെടുക്കാൻ പദ്ധതിയുണ്ടെങ്കിൽ ജനം വോട്ടു ചെയ്യും. ദൈവം എന്നെ സൂപ്രണ്ട് സ്ഥാനത്തെത്തിച്ചാൽ വിഭാഗീയതയില്ലാത്ത എജിയാണ് എന്റെ ലക്ഷ്യം. ഇതാണ് ഡോ. കെ. ജെ. മാത്യുവിൻ്റെ നിലപാട്. സഭാരാഷ്ട്രീയം എജിയെ വല്ലാത്ത അവസ്ഥയിലെത്തിച്ചു. ഈ വിഭാഗീയതയുടെ വിഷവിത്ത് പ്രാദേശിക സഭകളിലും വളർന്നു കഴിഞ്ഞു. സ്നേഹത്തിന്റെ ആദർശം പ്രസംഗിക്കുന്നവരിൽ ചിലർ അഹന്തയും ഭള്ളും നിറഞ്ഞവരും തനിക്കുശേഷം പ്രളയം എന്ന് വിശ്വസിക്കുന്നവരുമാണ്. ഏതെങ്കിലും ചുമതലയിൽ എത്തിയ നേതാവിന് പിന്നീട് കസേരയില്ലാതെ ജീവിക്കാൻ പറ്റില്ലാത്ത അവസ്ഥയാണിന്നുള്ളത്. അതിന് കാശെറിഞ്ഞും എന്ത് ഹീനമാർഗ്ഗങ്ങൾ കാട്ടിയും വോട്ട് കീശയിലാക്കാൻ ശ്രമിക്കുകയാണ്. ആട്ടിൻകൂട്ടത്തെ ചിന്നിക്കുന്ന ചെന്നായായി മാറുകയാണ് ഒരുകൂട്ടർ.
ഗ്രൂപ്പ് വളർത്തുന്ന വ്യക്തി എത്ര ഉന്നത നായാലും ‘നോ’ എന്നു പറയാനുള്ള ചങ്കുറപ്പാണ് വേണ്ടത്.
സഭ സ്ഥാപിതമായിരിക്കുന്നത് യേശുക്രിസ്തുവിലാണ്. ഏക്കർ കണക്കിന് വസ്തുവും സൗകര്യങ്ങളും ആയതോടെ ഗ്രൂപ്പുകൾ തമ്മിൽ കേസും വഴക്കുമായി. പിന്നെയും വസ്തുവകകൾ എവിടെയൊക്കെയോ വാങ്ങിക്കൂട്ടുന്നു. ഒന്നുമില്ലാതെ വേലക്കിറങ്ങിയവർക്ക് കണക്കില്ലാത്ത സമ്പത്തുമായി. ഇപ്പോൾ പ്രസ്ഥാനത്തിൽ യേശുവുണ്ടോ എന്ന് വോട്ടർമാരായ പാസ്റ്റർമാരും വിശ്വാസികളും ചിന്തിക്കണം. ഇതിനെല്ലാം കാരണം ഗ്രൂപ്പ്കളികളാണ്.
