ഏദൻസ് : വടക്കൻ ഗ്രീസിലെ വനമേഖലയിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടു തീയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി. അവന്താസ് ഗ്രാമത്തിന് പുറത്തുള്ള ഒരു കുടിലിന് സമീപത്ത് നിന്നാണ് 18 മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവർ കുടിയേറ്റക്കാരാണെന്നാണ് സൂചന.
ആളുകളെ കാണാതായെന്ന പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മരിച്ചവർ അനധികൃതമായി ഗ്രീസിൽ കടന്നവരാണോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് അഗ്നിശമനസേനാ വൃത്തങ്ങൾ വ്യക്തമാക്കി. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. തുർക്കി അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാത്ത വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയായിരുന്നു തീപിടുത്തം. ഗ്രീസിലെ മറ്റ് പ്രദേശങ്ങളിലേയ്ക്കും തീ പടരുന്നത് തുടരുകയാണ്. താപനില 39 ഡിഗ്രി സെൽഷ്യൽസ് മറികടന്നു. കനത്ത തീയിൽ അലക്സാണ്ട്രോപോളിസ് നഗരത്തിലെ ഒരു ആശുപത്രിയും ഒഴിപ്പിച്ചതായാണ് വിവരം.
