Ultimate magazine theme for WordPress.

ശിഷ്യത്വത്തിനായുള്ള ദൈവവിളി ദൈവീക പദ്ധതി

കെ.ഒ.രാജുക്കുട്ടി

ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ മനുഷ്യജീവിതത്തിന് ഏറ്റവും വലിയ മഹത്വം ലഭിക്കുന്നത് ദൈവത്തിന്റെ വിളിയെ സ്വീകരിക്കുന്നതിലൂടെയാണ്. ദൈവം തന്റെ പ്രവൃത്തികൾ നിറവേറ്റുവാൻ മനുഷ്യരെ തിരഞ്ഞെടുക്കുകയും അവരെ ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്നു. ഈ ദൈവവിളി ഒരു സാധാരണ ക്ഷണം മാത്രമല്ല; അത് ജീവിതത്തെ മുഴുവനായും മാറ്റിമറിക്കുന്ന ഒരു ആത്മീയ വിളിയാണ്. ദൈവവിളിയുടെ മഹത്വവും അതിനോടുള്ള അനുസരണയും പഴയനിയമത്തിൽ എലീശാ പ്രവാചകൻ്റെയും പുതിയ നിയമത്തിൽ പൗലോസ് അപ്പോസ്തോലന്റെയും ജീവിതത്തിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയും.

ദൈവവിളി ദൈവത്തിന്റെ കൃപയിൽ നിന്നാണെന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു. മാതാവിന്റെ ഗർഭത്തിൽ നിന്നുതന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ച ദൈവം… എന്ന് പറയുന്നു. ഇവിടെ പൗലോസ് വ്യക്തമാക്കുന്നത് ദൈവവിളി മനുഷ്യന്റെ യോഗ്യതകൊണ്ടല്ല, ദൈവത്തിന്റെ കൃപകൊണ്ടാണെന്നതാണ്.
പൗലോസ് ആദ്യം ക്രിസ്ത്യാനികളെ പീഡിപ്പിച്ച ആളായിരുന്നു. എന്നാൽ ദൈവം അവനെ തിരഞ്ഞെടുത്ത് അപ്പൊസ്തലനായി വിളിച്ചു. അതിനാൽ ശിഷ്യത്വം മനുഷ്യന്റെ നേട്ടം അല്ല; ദൈവത്തിന്റെ കരുണയും പദ്ധതിയും തന്നെയാണ്. ദൈവം ഒരാളെ വിളിക്കുമ്പോൾ, അവന്റെ പഴയ ജീവിതം നോക്കിയല്ല, ഭാവിയിൽ അവനെ ഉപയോഗിക്കാനിരിക്കുന്ന ദൈവത്തിന്റെ പദ്ധതിയാണ് പ്രധാനമായത്.

ശിഷ്യത്വത്തിനായുള്ള ദൈവവിളി ഒരു ദൈവിക വെളിപ്പാടാണ്. മനുഷ്യൻ തന്റെ ബുദ്ധിയാലോ പഠനത്തിലൂടെയോ മാത്രം ക്രിസ്തുവിനെ അറിയുന്നില്ല; ദൈവം തന്നെ അവനെ വെളിപ്പെടുത്തണം.
ഈ വെളിപ്പാടാണ് ഒരു മനുഷ്യന്റെ ജീവിതദിശ മാറ്റുന്നത്. ദെമസ്കോസിലേക്കുളള യാത്രയിൽ പൗലോസിന് ലഭിച്ച ക്രിസ്തുവിന്റെ വെളിപ്പാട് ശൗൽ എന്ന പീഡകനിൽ നിന്ന് സുവിശേഷത്തിന്റെ മഹാപ്രഘോഷകനാക്കി മാറ്റുന്നു. ശിഷ്യത്വം ക്രിസ്തുവിനെ വ്യക്തിപരമായി അറിയുന്ന അനുഭവത്തിലാണ് ആരംഭിക്കുന്നത്.

ദൈവവിളിക്ക് അനുസരണം ആവശ്യമാണ്
എലീയാവ് എലീശയെ വിളിക്കുന്ന സംഭവം നമുക്ക് കാണാം. കാർഷിക രംഗത്ത് സജീവമായ എലീശ കാളകളെ ഉഴുതുകൊണ്ടിരിക്കുമ്പോൾ എലീയാവ് തന്റെ മേലങ്കി അവന്റെമേൽ ഇട്ടു. അത് ദൈവവിളിയുടെ അടയാളമായിരുന്നു.
എലീശ ഉടൻ തന്നെ തന്റെ പഴയ ജീവിതം വിട്ട് പ്രവാചകനായ എലീയാവിനെ പിന്തുടർന്നു. അവൻ കാളകളെ അറുത്ത് ജനങ്ങളോട് വിടപറഞ്ഞു. ഇത് ഒരു നിർണ്ണായക തീരുമാനം ആയിരുന്നു. ദൈവവിളി ലഭിക്കുമ്പോൾ അതിനെ അനുസരിക്കാൻ ധൈര്യം ആവശ്യമാണ്. ചിലപ്പോൾ അത് നമ്മുടെ സൗകര്യങ്ങളും സുരക്ഷയും വിട്ടുകൊടുക്കേണ്ട അവസ്ഥയാകാം.

ശിഷ്യത്വം സമർപ്പണത്തിന്റെ ജീവിതമാണ്. പൗലോസ് തന്റെ വിളിയെക്കുറിച്ച് പറഞ്ഞപ്പോൾ -ഞാൻ ഉടൻ മനുഷ്യരോടു ആലോചിച്ചില്ല എന്ന് പറയുന്നു. അതായത് ദൈവവിളി ലഭിച്ചപ്പോൾ അവൻ അതിൽ സംശയിച്ചില്ല. പകരം ദൈവത്തിന്റെ പദ്ധതിയിൽ പൂർണ്ണമായി സമർപ്പിച്ചു.
അതുപോലെ എലീശയും തന്റെ പഴയ തൊഴിലും ജീവിതരീതിയും വിട്ട് ദൈവത്തിന്റെ പ്രവൃത്തിക്കായി മുന്നോട്ട് പോയി.

ശിഷ്യത്വം അർദ്ധഹൃദയത്തോടെ നടക്കാവുന്ന വഴിയല്ല; അത് പൂർണ്ണ സമർപ്പണം ആവശ്യപ്പെടുന്ന ജീവിതമാണ്.
പൗലോസിന്റെയും എലീശയുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നത്, ദൈവം ഒരാളെ വിളിക്കുമ്പോൾ അവൻ ജീവിതത്തെ പുതിയ ലക്ഷ്യത്തിലേക്ക് നയിക്കുമെന്നതാണ്. ഇന്ന് ദൈവം നമ്മെയും ശിഷ്യത്വത്തിലേക്ക് വിളിക്കുന്നു. ആ വിളിയെ കേട്ട് അനുസരിക്കുമ്പോൾ നമ്മുടെ ജീവിതവും ദൈവത്തിന്റെ മഹത്വത്തിനായി അനുഗ്രഹീതമായ ഉപകരണമായി മാറും.

Sharjah city AG

Comments are closed.