എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം ദൈവമാണ് തീരുമാനിക്കുന്നത് ; ഫുട്ബോള്‍ ഇതിഹാസം മെസി
പാരീസ്: ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുക്കൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു. ഖത്തറില്‍ നടക്കാൻ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി പറഞ്ഞു. പാരീസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ലോകകപ്പിലെ വിജയപരാജയങ്ങള്‍ ദൈവത്തില്‍ ഏല്‍പ്പിച്ചത്. “ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് എന്റെ വിശ്വാസം”- ഫുട്ബോളിലും ജീവിതത്തിലും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മെസ്സി പറഞ്ഞു. അര്‍ജന്റീനയുടെ വിജയ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കെതിരെയും പോരാടുവാനാണ് തങ്ങളുടെ തീരുമാനമെന്നും, ഓരോ കളിയും തുല്യ പ്രാധാന്യത്തോടെ തന്നെ കളിക്കുമെന്നുമായിരുന്നു മറുപടി. ദൈവം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇതിനു മുന്‍പും മെസ്സി തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ട്. 2018-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മെസ്സി പറയുകയുണ്ടയി . ദൈവം തന്നെയാണ് എനിക്ക് ഈ കഴിവ് നല്‍കിയത്. അവന്‍ എന്നെ തിരഞ്ഞെടുത്തു, അതിനു ശേഷം മികച്ചവനാകുവാന്‍ ഞാന്‍ ഒരുപാടു പരിശ്രമിക്കുകയും ഞാനതില്‍ വിജയിക്കുകയും ചെയ്തു, ദൈവസഹായം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങും എത്തില്ലായിരുന്നു.
