Ultimate magazine theme for WordPress.

റ്റി എം മാത്യുവിന് ജോർജ് മത്തായി മാധ്യമ പുരസ്‌കാരം

തിരുവല്ല : ജോർജ് മത്തായി സിപിഎ മാധ്യമ പുരസ്‌കാരത്തിന്
ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് റ്റി എം മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷനാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നൽകുന്നത്. പാസ്റ്റർ പി ജി മാത്യൂസ്, സി വി മാത്യു, ജോൺസൺ മേലേടം ഡാളസ്, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ അനീഷ്‌ കൊല്ലംകോട്, റോജിൻ പൈനുംമൂട് എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

അവാര്‍ഡിന് അര്‍ഹനായ റ്റി.എം. മാത്യു അര നൂറ്റാണ്ടോളമായി ക്രൈസ്തവ മാധ്യമ, സാഹിത്യ രംഗത്തു സജീവമാണ്. അദ്ദേഹത്തിന്‍റെ എഴുത്തുകളും സന്ദേശങ്ങളും വിശ്വാസസമൂഹത്തിനു നല്‍കിയ പ്രചോദനവും, ബൈബിള്‍ പ്രസാധകരംഗത്തു നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. റ്റി എം മാത്യുവിന്റെ ഗുഡ്ന്യൂസിലെ ‘സ്പര്‍ശനം’ എന്ന പംക്തി ഏറെ ശ്രദ്ധേയമാണ്. കുട്ടികളുടെ ദീപിക, കേരള ഭൂഷണം, കേരള ധ്വനി, ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ചെറുപ്രായത്തില്‍ എഴുതി തുടങ്ങിയ റ്റി.എം. മാത്യു പെന്തെക്കോസ്തിലെ പ്രഥമ വാര്‍ത്താ വാരികയായ ഗുഡ്ന്യൂസിന്‍റെ സ്ഥാപകരിലൊരാളായി. 1973ല്‍ ലിവിങ് ലിറ്ററേച്ചര്‍ സെന്‍റര്‍ എന്ന പ്രസിദ്ധീകരണശാലയിലൂടെ നിരവധി പുസ്തകങ്ങള്‍ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ചു. ബൈബിള്‍ പരിഭാഷയിലും, റേഡിയോ മിനിസ്ട്രിയിലും സജീവമായി. ദിവ്യസന്ദേശം എന്ന പേരില്‍ ലളിത ഭാഷയില്‍ തയ്യാറാക്കിയ പുതിയനിയമം പുറത്തിറക്കി. ഇന്‍റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റിയുടെ ഡയറക്ടറായിരിക്കുമ്പോള്‍ 1997 ല്‍ വിശുദ്ധ വേദപുസ്തകം എന്ന പേരില്‍ സ്വതന്ത്ര പരിഭാഷയില്‍ ബൈബിള്‍ പുറത്തിറക്കുവാന്‍ നേതൃത്വം നല്‍കി. 1982 – 85 കാലയളവില്‍ പി.വൈ.പി.എയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിസി ഹെബ്രോന്‍ എറണാകുളം സഭാംഗമാണ്. ഭാര്യ: വത്സ മാത്യു. മക്കള്‍: ഷാരോണ്‍ മാത്യു ഡാളസ്, സ്നേഹ മാത്യു, സരുണ്‍ സ്കറിയ മാത്യു.

ഒക്ടോബർ 12 ന് കോട്ടയത്തു നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു.

Sharjah city AG