ജറുസലേം : ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഇസ്രായേൽ തടഞ്ഞതോടെ ഗാസയിൽ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ എത്തിയ എല്ലാ ഭക്ഷണവും വിതരണം ചെയ്തതിനാൽ ഗാസയിൽ കാര്യമായ നീക്കിയിരിപ്പ് ഇല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
ഇനി രണ്ടാഴ്ചത്തെ കരുതൽ ശേഖരം മാത്രമേയുള്ളൂവെന്നും അവർ പറഞ്ഞു. വെടിനിർത്തൽ കരാർ ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉപരോധമെന്ന് ഇസ്രയേൽ പറയുന്നു. സമ്മർദം വർധിപ്പിക്കാനാണ് തീരുമാനമെന്നും ഹമാസ് കരാർ അംഗീകരിക്കാൻ തയ്യാറാകാത്ത പക്ഷം ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പൂർണമായി തടയാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
