ജെറുസലേം : ഗാസയിൽ വീണ്ടും ആക്രമണം പുനരാരംഭിച്ച ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടിക്കെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധം. ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനെത്തിയത്.
‘ഇസ്രയേലിൻ്റെ ഭാവിക്കുവേണ്ടിയോ നിങ്ങളുടെ സഖ്യസർക്കാരിൻ്റെ ഭാവിക്കുവേണ്ടിയോ ഈ യുദ്ധം’ എന്നുൾപ്പെടെയുള്ള ബാനറുകളുമേന്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. പാർലമെന്റിന് പുറത്തുള്ള പ്രതിഷേധറാലിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ജെറുസലേമിലെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി. നെതന്യാഹുവിൻ്റേത് നശീകരണ സർക്കാരാണെന്ന ബാനറും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
