Ultimate magazine theme for WordPress.

മസ്കറ്റ് ഓ പി ഏ സഭാമന്ദിരത്തിന് തറക്കല്ലിട്ടു

മസ്കറ്റ്: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ കേരള പെന്തക്കോസ്ത് കൂട്ടായ്മയായ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA) ക്ക് ഒമാൻ ഗവൺമെന്റ് അനുവദിച്ച സ്ഥലത്ത് പണിയുന്ന പുതിയ സഭാ മന്ദിരത്തിന്റെ ശിലാസ്ഥാപനം പെന്തക്കോസ്ത് അസംബ്ലി മസ്കറ്റ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ രാജൻ ജോർജ് നിർവഹിച്ചു. മസ്കറ്റിനു സമീപം ഫലജ് അഷ് ഷാം (അൽ അൻസബ് ) ഏരിയായിൽ നൽകപ്പെട്ട സ്ഥലത്ത് തയ്യാറാക്കിയ പന്തലിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച നടന്ന പ്രത്യേക സമ്മേളനത്തിൽ മുഖ്യാതിഥികളായിരുന്ന ഡോക്ടർ മര്യാദോസ് പോൾ, ഡോക്ടർ രഞ്ജി മാത്യു, സഭാ പാസ്റ്റർ രാജൻ ജോർജ്, പ്രൊജക്റ്റ് ഡയറക്ടർ ജോർജ് കെ സാമുവേൽ എന്നിവർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

പാസ്റ്റർ രാജൻ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭാംഗങ്ങളും അതിഥികളും ഉൾപ്പെടെ നാനൂറോളം പേർ സംബന്ധിച്ചു. പ്രോജക്ട് ഡയറക്ടർ ജോർജ് കെ സാമുവൽ ഒമാനിലെ ഭരണാധികാരികളോടുള്ള നന്ദി അറിയിക്കുകയും കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തെപ്പറ്റി വിശദീകരിക്കയും ചെയ്‌തു. യോഗത്തിൽ മുഖ്യാതിഥികളായ ഡോക്ടർ മരിയദോസ് പോൾ, ഡോക്ടർ രഞ്ജി മാത്യു, സഭാ ട്രഷറർ വി വി വിൽസൺ, സഹോദര സഭകളുടെ പ്രതിനിധിയായി പാസ്റ്റർ ചെറി സക്കറിയ, സ്റ്റിയറിങ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി എസ് അലക്സാണ്ടർ, ബിൽഡിംഗ് കൺസൾട്ടൻസിയെ പ്രതിനിധീകരിച്ച് എൻജിനീയർ പ്രവീൺ കലാൽ, വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അജു പണിക്കർ, ജീസൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.പാസ്റ്റർ വി വി ചന്ദ്രബോസിന്റെ പ്രാർത്ഥനയോടെ നടന്ന ശിലാസ്ഥാപനത്തിൽ പാസ്റ്റർ രാജൻ ജോർജിനോടൊപ്പം അതിഥികളായെത്തിയ കർതൃദാസന്മാരും സഭയുടെ മുതിർന്ന അംഗങ്ങളും പങ്കുചേർന്നു.

സഭാ സെക്രട്ടറി സാം ജോൺസൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി മോൻസി മാമ്മൻ കൃതജ്ഞതയും പറഞ്ഞു.

സഭാവിഭാഗ വ്യത്യാസമില്ലാതെ എല്ലാ പെന്തക്കോസ്ത് സഭകളും ‘ഐക്യതയുടെ ആത്മാവ്’ എന്ന ആപ്തവാക്യം മുൻനിർത്തി കൂട്ടായ്മ ആചരിക്കുന്ന പെന്തക്കോസ്തൽ അസ്സംബ്ലി മസ്കറ്റ്, ഒമാനിൽ 52 വർഷം പിന്നിടുമ്പോഴാണ് ഈ പുതിയ കാൽവയ്‌പ്പ്. മസ്‌കറ്റിലെ സഭക്ക് പുറമെ ഒമാനിലെ 12 സ്ഥലങ്ങളിലായി ഈ സഭയുടെ കൂട്ടായ്മകൾ നടന്നുവരുന്നു.

മൂന്ന് നിലകളിലായി രണ്ടായിരത്തിലധികം സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന പുതിയ സഭാ മന്ദിരത്തിൽ 700 ലധികം പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാളും 200 ലധികം പേർക്ക് ഇരിക്കാവുന്ന അനക്സ് ഹാളും ക്ലാസ് മുറികളും ഓഫീസ് സൗകര്യവും പാഴ്സനേജുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

Sharjah city AG

Comments are closed.