വെയിൽസ് : പീഡനവിവരങ്ങൾ കൈമാറുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി സമ്മതിച്ച് മുൻ കാന്റർബറി ആർച്ച് ബിഷപ്പ് റോവൻ വില്യംസ്. വെയിൽസിലെ സഭയിൽ വൈദികനായിരുന്ന അന്തോണി പിയേഴ്സിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ അടങ്ങിയ ഫയൽ പരിശോധിക്കുന്നതിലും കൈമാറുന്നതിലും തനിക്ക് പിഴവ് പറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കഴിഞ്ഞ വർഷം (2025) നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പിയേഴ്സിനെതിരെ 1990-കളിൽ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്ന് സഭയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോപണങ്ങൾ അറിഞ്ഞിട്ടും പിയേഴ്സിനെ ഉയർന്ന പദവികളിൽ നിയമിച്ച സഭയുടെ നടപടി ലജ്ജാകരമാണെന്ന് നിലവിലെ ആർച്ച് ബിഷപ്പ് ചെറി വാൻ പറഞ്ഞു. പീഡനവിവരങ്ങൾ 2010 വരെ പൊലീസിനെ അറിയിച്ചിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തന്റെ വീഴ്ച ഇരകളുടെ കുടുംബങ്ങൾക്ക് കൂടുതൽ ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച റോവൻ വില്യംസ് അവരോട് മാപ്പപേക്ഷിച്ചു.
സഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ പരമോന്നത പദവിയിൽ ഇരുന്ന ഒരാൾ തന്നെ ഇത്തരമൊരു വീഴ്ച സമ്മതിച്ചത് ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. സഭ ഇനി ഒരു സുരക്ഷിത ഇടമായിരിക്കുമെന്ന് നിലവിലെ അധികൃതർ ഉറപ്പുനൽകുന്നു.

Comments are closed.