ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്കുള്ള ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ലിവർപൂളിന്റെ ഫോർവേഡ് താരം കോഡി ഗാക്പോ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചു നടത്തിയ ആഹ്ളാദ പ്രകടനം ചർച്ചയായി. ആൻഫീൽഡിൽ ടോട്ടൻഹാമിനെതിരെ നിർണയകമായ ഗോൾ നേടിയ ശേഷം ഡച്ച് കളിക്കാരനായ കോഡി ഗാക്പോ ഉടൻ തന്നെ തന്റെ ലിവർപൂൾ ടി ഷർട്ട് ഊരിമാറ്റി “ഞാൻ യേശുവിന്റേതാണ്” എന്നെഴുതിയ വെളുത്ത വസ്ത്രം കാണികളെ കാണിക്കുകയായിരിന്നു.
ഗാക്പോ തന്റെ ഷർട്ട് പുറത്തെടുത്ത് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു ആഘോഷം നടത്തിയതിന് റഫറി ടോം ബ്രമാൽ അദ്ദേഹത്തിന് മഞ്ഞക്കാർഡ് നൽകിയിരിന്നു. കളിക്കാരുടെ വസ്തുക്കളിൽ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകരുതെന്ന ഫിഫ നിയമം ചൂണ്ടിക്കാട്ടിയാണ് മഞ്ഞക്കാർഡ്. കിരീടനേട്ടം സ്വന്തമായ വിജയത്തിന് ശേഷം സ്റ്റേഡിയത്തിലെ കാണികളെ വലംവെച്ചു നടന്നു നീങ്ങിയപ്പോഴും ഞാൻ യേശുവിന്റേതാണ് എന്ന ടി ഷർട്ട് അദ്ദേഹം ധരിച്ചിരിന്നു.
