Ultimate magazine theme for WordPress.

ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു : നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : വര്‍ക്കലയില്‍ ഇന്നലെ തകര്‍ന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നിര്‍മാണത്തിലും, പരിപാലനത്തിലും അപാകതയുണ്ടെന്നും ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട്‌. കടലില്‍ വീണ് പതിന‌‍ഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ബ്രിഡ്ജ് നിര്‍മ്മാണ ചട്ടങ്ങളും തീരദേശ പരിപാലന ചട്ടങ്ങളും പാലിക്കാതെയാണ് നിര്‍മ്മിച്ചത്. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയില്ല എന്നും കണ്ടെത്തലുകളില്‍ പറയുന്നു. അതേസമയം ബ്രിഡ്ജിന്‍റെ സുരക്ഷാ ചുമതലയില്‍ നിന്ന് കയ്യൊഴിഞ്ഞ മട്ടിലാണ് അധികൃതരുടെ വിശദീകരണം.

തീരദേശത്ത് നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണിന്റെ അനുമതി വേണം. ഫ്ലോട്ടിങ് ബ്രിഡ്ജ് താത്കാലിക നിര്‍മ്മാണമായതിനാല്‍ അനുമതി വേണ്ടെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കേരള അഡ്വഞ്ചർ ടൂറിസവും നല്‍കുന്ന വിശദീകരണം. ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നടത്തിപ്പ് ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് ഡിറ്റിപിസിയും സുരക്ഷാ ചുമതല നടത്തിപ്പ് കമ്പനിയുടേത് മാത്രമാണെന്നും അഡ്വഞ്ചർ ടൂറിസവും വാദിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുന്‍പാണ് ഇന്നലെ വലിയ അപകടം സംഭവിച്ചത്. ഏകദേശം നൂറോളം പേരാണ് അപകടം നടന്ന സമയത്ത് ബ്രിഡ്ജില്‍ ഉണ്ടായിരുന്നത്. ബ്രിഡ്ജിന്‍റെ കൈവരി തകര്‍ന്ന് നിരവധി പേര്‍ കടലിലേക്ക് വീഴുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേലിയേറ്റ സമയത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് സൂചന. പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ ഇനി ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കില്ല എന്ന നിലപാടിലാണ് വര്‍ക്കല നഗരസഭയും.

Sharjah city AG