ടെൽ അവീവ്: ഇസ്രായേൽ – ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും പഴയ ബൈബിൾ കയ്യെഴുത്തുപ്രതിയായ ‘യശയ്യാ ചുരുൾ’ ജറുസലേമിലെ ഇസ്രായേൽ മ്യൂസിയം സുരക്ഷിതമായ ഭൂഗർഭ അറയിലേക്ക് മാറ്റി. 2000 വർഷത്തിലധികം പഴക്കമുള്ള ഈ അമൂല്യ ചരിത്രരേഖയ്ക്ക് യുദ്ധക്കെടുതികളിൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനാണ് അധികൃതർ അതീവ ജാഗ്രതയോടെയുള്ള ഈ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.
1947-ൽ ചാവുകടലിന് സമീപമുള്ള ഖുമ്രാൻ ഗുഹകളിൽ നിന്ന് കണ്ടെത്തിയ ഈ ചുരുൾ ഹീബ്രു ബൈബിളിന്റെ നിലവിലുള്ളതിൽ വെച്ച് ഏറ്റവും പൂർണ്ണമായ പതിപ്പാണ്. മിസൈൽ ആക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള, താപനിലയും ഈർപ്പവും കൃത്യമായി നിയന്ത്രിക്കപ്പെടുന്ന അത്യാധുനിക ‘ബ്ലാസ്റ്റ് പ്രൂഫ്’ അറയിലേക്കാണ് ഇത് മാറ്റിയത്. സാധാരണയായി മ്യൂസിയത്തിലെ ‘ശ്രൈൻ ഓഫ് ദ ബുക്ക്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാറുള്ള ഈ നിധി, സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ പൊതുജനങ്ങൾക്ക് കാണാനാവില്ല.
ക്രിസ്തീയ – യഹൂദ വിശ്വാസികൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ പവിത്രമായ ഈ രേഖയുടെ സംരക്ഷണം ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, മനുഷ്യജീവനോടൊപ്പം തന്നെ ലോകത്തിന്റെ സാംസ്കാരികവും മതപരവുമായ പൈതൃകങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി.

Comments are closed.