Ultimate magazine theme for WordPress.

ഗാസയിലെ ജനങ്ങളുടെ ഭയം ഇല്ലാതാക്കൂ : റാഫ അതിര്‍ത്തി സന്ദര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

റാഫ : പാലസ്തീനികളുടെ ദുരിതവും അത് ലഘൂകരിക്കാനുള്ള തടസങ്ങളും ലോക ശ്രദ്ധയില്‍ എത്തിക്കാനാണ് താന്‍ റാഫ അതിര്‍ത്തിയിലെത്തിയതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാഫയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഷിഫ ആശുപത്രിയില്‍ പരിക്കേറ്റ പാലസ്തീനികളെ കണ്ടു. ഗാസയിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരും പേടിസ്വപ്‌നത്തിലാണ്. മാസങ്ങള്‍ നീണ്ട കഷ്ടപ്പാടുകള്‍ക്ക് ശേഷവും പാലസ്തീനികള്‍ക്ക് മേല്‍ ഇസ്രായേലിന്റെ ബോംബുകള്‍ വീഴുന്നു. മാനുഷിക സഹായം എത്തിക്കുന്നതിന് തടസം നേരിടുന്നു. ഈ അതിര്‍ത്തിയില്‍ ഹൃദയ ശൂന്യത നാം കാണുന്നു. ഗേറ്റിന്റെ ഒരുവശത്ത് ദുരിതാശ്വാസ ട്രക്കുകളുടെ നീണ്ടനിര. മറുവശത്ത് പട്ടിണിയുടെ നീണ്ട നിഴല്‍. ഇതിനെ ദുരന്തം എന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള ഓരോ ആക്രമണവും സ്ഥിതി കൂടുതല്‍ വഷളാക്കും. ഗാസയിലുടനീളം അനിയന്ത്രിതമായി മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ പ്രതിബദ്ധത കാണിക്കേണ്ട സമയമാണിത്. യു.എന്‍ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തെ പിന്തുണക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഗാസയിലെ പാലസ്തീനികള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു : നിങ്ങള്‍ ഒറ്റക്കല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ഭീകരതയില്‍ രോഷാകുലരാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ശബ്ദമാണ് താന്‍ വഹിക്കുന്നത്. നിങ്ങളെ ഉപേക്ഷിക്കില്ല. മനുഷ്യത്വം നിലനില്‍ക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യും.” -ഗുട്ടെറസ് പറഞ്ഞു. ശനിയാഴ്ചത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒറ്റരാത്രികൊണ്ട് 72 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് .

Sharjah city AG