ഡബ്ലിൻ: കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന. കുടുംബം എന്ന വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകർതൃത്വവും ഉൾപ്പെടുത്താൻ ശ്രമിച്ചു. അമ്മമാർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി ജോലിക്കു പോകേണ്ടതില്ല എന്നതിനു പകരം, സർക്കാർ കുടുംബസംരക്ഷണത്തിനു ശ്രമിക്കുമെന്ന വാക്യം ഉൾപ്പെടുത്താൻ ശ്രമിച്ചു.
കുടുംബവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 67.7ഉം സ്ത്രീകളുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 73.9ഉം ശതമാനം എതിർവോട്ടുകളാണ് ലഭിച്ചത്. അയർലൻഡിൽ ഒരു ഹിതപരിശോധന ഇത്ര വലിയ ഭൂരിപക്ഷത്തിൽ തള്ളുന്നത് ആദ്യമാണ്. സമ്മതിദായകർ സർക്കാരിന് രണ്ട് പ്രഹരങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നായിരുന്നു റഫറണ്ടത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചത്. ഫലം അംഗീകരിക്കുന്നുവെന്നും ജനഹിതം സർക്കാർ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തിലാണ് റഫറണ്ടത്തിന്റെ ഫലം പുറത്തു വന്നതെന്നും, സ്ത്രീത്വവുമായി ബന്ധപ്പെട്ട, പഴഞ്ചനായതും ലിംഗഭേദം സൂചിപ്പിക്കുന്നതുമായ ചില വാക്കുകള്‍ നീക്കം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള റഫറണ്ടം ഒരു സമഗ്ര പരാജയമായി എന്നും അദ്ദേഹം സമ്മതിച്ചു.
റെഫറണ്ടത്തെ കുറിച്ചുള്ള അഭിപ്രായ സർവ്വേകളിലെല്ലാം തന്നെ അതിനെ പിന്തുണയ്ക്കുന്നവർക്കായിരുന്നു മുൻതൂക്കം പ്രവചിച്ചിരുന്നത്. എന്നാല്‍, യഥാർത്ഥ റഫറണ്ടം എത്തിയപ്പോള്‍ അന്ന് വരെ തീരുമാനമെടുക്കാതിരുന്നവർ ഒരുമിച്ച് റെഫറണ്ടത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികള്‍ എല്ലാം തന്നെ ഈ ഭേദഗതിയെ അനുകൂലിച്ചിരുന്നവരാണ്. അവരും റഫറണ്ടത്തിന്റെ ഫലം അറിഞ്ഞ് ഞെട്ടലിലാണ്.
