കേരള തീരത്ത് അതീവ ജാഗ്രത ; താലിബാന് തുറന്നുവിട്ട ഐഎസ് മലയാളികൾ കടൽമാർഗം വരുന്നു
കോഴിക്കോട് : താലിബാന് ജയിലിലുകളിൽനിന്നു തുറന്നുവിട്ട ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കേരള തീരത്ത് അതീവ ജാഗ്രത. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി.
സംസ്ഥാനത്ത് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റല്‍ ഐജി പി.വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) , ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എസ്എസ്ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. തീരദേശവുമായി ബന്ധപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തീരപ്രദേശവുമായി ബന്ധപ്പെട്ട് അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നു മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കോസ്റ്റല്‍പോലീസ് മുന്നറിയിപ്പ് നല്കി. കൂടാതെ തീരമേഖലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു കോസ്റ്റല്‍ പോലീസ് അറിയിച്ചു.
ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം.കോസ്റ്റല്‍ പോലീസിന്റെ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സംശയാസ്പദമായ സാഹചര്യത്തില്‍ നാല് ബോട്ടുകള്‍ പിടികൂടിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകളാണ് മതിയായ രേഖകളില്ലാതെ കേരള തീരത്ത് എത്തിയത്. ബോട്ടുകളില്‍ വിശദമായി പരിശോധന നടത്തുകയും മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിനു ശേഷം മറ്റു സംശയങ്ങളില്ലാത്തതിനെത്തുടര്ന്ന് ഇവരെ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു.കോഴിക്കോട് കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ കോസ്റ്റല്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ആക്രി സാധനങ്ങള്‍ വാങ്ങാനായി എത്തിയതാണെന്നു ബോധ്യപ്പെട്ടു. ഇവരുടെ പശ്ചാത്തലവും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.തീരദേശത്തെ ജനപ്രതിനിധികള്‍, ഫിഷറീസ് , ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, മറൈന്‍ എന്‍ഫോഴ്സ്, മത്സ്യതൊഴിലാളികള്‍, വള്ളം, ബോട്ടുടമകള്‍, ലേലം വിളിക്കാനായി ഹാര്‍ബറില്‍ സ്ഥിരമായി എത്തുന്നവര്‍ എന്നീ തീരദേശമേഖലയുമായി സ്ഥിരമായി ബന്ധപ്പെടുന്നവരെ ഉള്‍പ്പെടുത്തിയുള്ള ഹാര്‍ബര്‍ സമിതി തീരദേശത്തെ സുരക്ഷ സംബന്ധിച്ച് കോസ്റ്റല്‍ പോലീസിനെ സഹായിക്കുന്നുണ്ട്. അപരിചിതരായവര്‍ തീരത്ത് എത്തിയാല്‍ അക്കാര്യം ഹാര്‍ബര്‍ സമിതി പരിശോധിച്ചുറപ്പുവരുത്തും. തീരമേഖലയുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും കൈമാറുന്നതില്‍ ഇത്തരം സമിതികള്‍ വഹിക്കുന്ന പങ്ക് വലുതാണ്.
