കൊവിഡ് വാക്സിനുകള്‍ സംയോജിപ്പിക്കാൻ വിദഗ്ദ്ധ പാനലിന്റെ ശുപാർശ
ന്യൂഡൽഹി: കൊവിഡ് വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷണം നടത്തി പരിശോധിക്കാൻ നിര്‍ദ്ദേശവുമായി വിദഗ്ദ്ധ സമിതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) നാണ് ഇത്തരത്തിൽ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച നൽകിയ നിര്‍ദ്ദേശത്തിൽ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിനും കൊവാക്സിനും സംയോജിപ്പിച്ച് പരീക്ഷിക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതിനു പുറമേ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, നാസൽ വാക്സിനും മിശ്രിതമാക്കാനും ശുപാര്‍ശ്ശ ചെയ്തിട്ടുണ്ട്. അടുത്തിടെ അനുമതി ലഭിച്ച ബയോളജിക്കൽ ഇ യുടെ കൊവിഡ് -19 വാക്സിൻ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനും വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, ഈ പരീക്ഷണങ്ങള്‍ക്ക് ഇനി ഡ്രഗ് കണ്ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യയുടെ അവസാനഘട്ട അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിത ഡോസുകളെക്കുറിച്ച് ഒരു പഠനം നടത്തുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) ആണ്. അപേക്ഷ ചർച്ച ചെയ്യുന്നതിനിടയിൽ, സിഎംസി ഇത് സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തണമെന്ന് വിദഗ്ദ്ധ പാനൽ ശുപാർശ ചെയ്തു. 300 വോളന്റിയര്‍മാരെ ഉൾപ്പെടുത്തി നാലാം ഘട്ട ട്രയലുകള്‍ നടത്താൻ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം ശുപാര്‍ശ ചെയ്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ട് നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധ പാനൽ സമര്‍പ്പിച്ച മറ്റൊരു നിര്‍ദ്ദേശവും വളരെയധികം ശ്രദ്ധേയമാണ്. അഞ്ച് മുതൽ 17 വയസ് പ്രായമുള്ള കുട്ടികളില്‍ ബയോളജിക്കൽ ഇ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. അതിന് പുറമെ, 18 വയസ്സിന് മുകളിലുള്ളവരിൽ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
