തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 63-ാമത് ജനറൽ കൺവൻഷൻ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തുള്ള ബിഷപ്പ് ഏബ്രഹാം നഗറിൽ നാളെ ആരംഭിക്കും. വൈകിട്ട് 6.30-ന് പ്രിസൈഡിംങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. സഭയിലെ ബിഷപ്പന്മാരെ കൂടാതെ റവ. ഡോ. ജേക്കബ് തോമസ്, ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ. മുരളീധർ, വാലന്റൈൻ ഡേവിഡാർ എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. 22 തിങ്കൾ മുതൽ 24 ബുധൻ വരെ സഭയിലെ വൈദികർ,സുവിശേഷകർ, സേവിനിമാർ എന്നിവർക്കായുള്ള സമ്മേളനങ്ങൾ നടക്കും.
വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ മിഷനറി യോഗവും, സേവിനി സമാജം, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ്, യുവജന പ്രവർത്തന ബോർഡ്, സുവിശേഷ പ്രവർത്തന ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനങ്ങൾ നടക്കും. കൺവൻഷന്റെ ഭാഗമായി സുവിശേഷ പ്രകാശിനി, വെല്ലൂർ ശാലോം ഭവൻ, ഹിന്ദി ബെൽറ്റ് മിഷൻ, പ്രകാശപുരം ആശ്രമം, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ്, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ്, ബസ്ക്യാമ്മ ഫെലോഷിപ്പ് എന്നിവയുടെ പ്രത്യേക യോഗങ്ങളും പന്തലിൽ നടത്തപ്പെടും.
എല്ലാ ദിവസവും രാവിലെ 7.30 മുതൽ ബൈബിൾ ക്ലാസും, 6.30 -ന് പൊതുയോഗങ്ങളും നടത്തപ്പെടുന്നതാണ്. സഭാ സ്ഥാപക ദിനമായ 26-ന് രാവിലെ 9.30-ന് സഭാദിന സ്തോത്രശുശ്രൂഷ നടക്കും. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ച 70 അംഗ ഗായകസംഘവും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ ഗായകസംഘവും ഗാനങ്ങൾ ആലപിക്കും. സമാപന പൊതു സമ്മേളനത്തിൽ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകുമെന്ന് ജനറൽ കൺവീനർ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ.പി.ടി മാത്യു, പബ്ലിസിറ്റി കൺവീനർ റവ.അനിഷ് മാത്യു,കെ.ഒ. രാജുക്കുട്ടി എന്നിവർ അറിയിച്ചു.
