പോർട്ട് ഓ പ്രിൻസ്: സായുധ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി അതികഠിനമായ സാഹചര്യം നിലനില്‍ക്കുന്ന ഹെയ്‌തിയിൽ ക്രിസ്ത്യൻ ആശുപത്രിയ്ക്കു നേരെയും ആക്രമണം. നിലവിലെ സാഹചര്യങ്ങൾ ഭയാനകമാണെന്നു വർഷങ്ങളായി ഹെയ്തിയിലെ അജപാലന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിനിയായ സിസ്റ്റര്‍ മാർസെല്ല കാറ്റോസ പറഞ്ഞു. ഹെയ്തിയിൽ കെനിയൻ പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു നെയ്‌റോബിയിൽ നിന്ന് മടങ്ങാനിരിന്ന പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ കീഴ്പ്പെടുത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സായുധ സംഘം പിടിച്ചെടുത്തു. ഇതിനിടെ ആക്രമിക്കപ്പെട്ടവയില്‍ പോർട്ട്-ഓ-പ്രിൻസിലെ കത്തോലിക്കാ ആശുപത്രിയായ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് ഹോസ്പിറ്റലും ഉള്‍പ്പെട്ടുവെന്ന് മാർസെല്ല വെളിപ്പെടുത്തി.
