ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങുന്നു…
അബുദാബി: അബുദാബിയില്‍ ഈ വര്‍ഷം അവസാനത്തോടെ ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറങ്ങും. പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളാണിവ. പരീക്ഷണ ഘട്ടത്തില്‍ യാത്ര തികച്ചും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായാണ് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത്.
മനുഷ്യന്റെ ഇടപെടലുകളൊന്നുമില്ലാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയുന്നതാണ് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍. യാസ് ഐലന്റിലായിരിക്കും ആദ്യഘട്ട പരീക്ഷണത്തിന്റെ ഭാഗമായി സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ സര്‍വീസ് നടത്തുക. ഈ പ്രദേശത്തെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആളുകളെ കൊണ്ടു പോവുകയും തിരിച്ചെടുക്കുകയും ചെയ്യും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ടു മണി വരെയായിരിക്കും പരീക്ഷണ ഘട്ടങ്ങളിലെ സര്‍വീസ്. രണ്ടാം ഘട്ടത്തില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി സര്‍വീസ് നടത്തും. മാപ്പിംഗ് അല്‍ഗൊരിതം സെന്‍സറുകളില്‍ നിന്നുളള ഡാറ്റകള്‍ എന്നിവ വിലയിരുത്തിയാണ് വാഹനം സഞ്ചരിക്കുക. റഡാറിന് സമാനമായ സാങ്കേതിക വിദ്യ അടങ്ങുന്നതാണ് ഇതിലെ ബില്‍ട്ട്-ഇന്‍ സെന്‍സറുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്റ്റീരിയോസ്‌കോപ്പിക് വിഷന്‍ സിസ്റ്റം, ജി.പി.എസ്, ഒപ്റ്റിക്കല്‍ ഒബ്ജക്ട് റെക്കഗ്നിഷന്‍ സിസ്റ്റം, റിയല്‍ ടൈം പൊസിഷനിംഗ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുക.
