പാസ്റ്റർ ഫിലിപ്പ് പി തോമസ്
സഭ പണിയപ്പെട്ടിരിക്കുന്ന പാറ ക്രിസ്തുവോ, പത്രോസോ എന്നതുപോലെ തന്നെ കാലപ്പഴക്കമുള്ളതും പ്രാധാന്യമുള്ളതുമായ മറ്റൊരു തർക്കമാണ് താക്കോൽ ആരുടെ കൈവശം ആകുന്നുവെന്നത്.
മത്തായി 16:19 ൽ ” സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു യേശു പത്രോസിനോട് പറഞ്ഞു. ഇവിടെ പറഞ്ഞിരിക്കുന്ന താക്കോൽ സഭയുടെ താക്കോൽ ആണെന്നും അത് പത്രോസിൻ്റെ കൈയിലാണ് എന്നും ചിലർ കരുതുന്നു.
താക്കോൽ.എന്ന് പറഞ്ഞിരിക്കുന്നത് ആക്ഷരികമായ ,താഴ് തുറക്കുന്ന ഒരു വസ്തുവല്ലായെന്ന് ആദ്യം മനസിലാക്കണം .പ്രതീകാത്മകമായ
ഭാഷയാണ് യേശു ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .
ബൈബിളിൽ.ഇതുപോലെ പലപ്പോഴും പ്രതീകങ്ങൾ ഉപയോഗിച്ചിട്ടുണ്ടല്ലോ . യെശയ്യാ 22:22 ” ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” എന്ന് പറഞ്ഞിരിക്കുന്നത് ദാവീദിൻ്റെ വീടിൻ്റെ താക്കോൽ അല്ലായെന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസിലാകുമല്ലോ ?
വെളിപ്പാട് 3:7 ലും ദാവീദിൻ്റെ താക്കോൽ എന്ന പ്രയോഗം കാണാം. പത്രോസിന് നൽകപ്പെട്ട അധികാരം വിശ്വാസികൾക്ക് ഏവർക്കും നൽകപ്പെട്ടതായി , മത്തായി 18:18 ൽ കാണുന്നു .
” നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
യേശു കൽപിച്ചപ്പോൾ അത്തി ഉണങ്ങിയത് കണ്ട ശിഷ്യന്മാർ അത്ഭുതപ്പെട്ടപ്പോൾ യേശു പറഞ്ഞത് (മത്തായി 21:21)
അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
യേശു ചെയ്തതൊക്കെയും ചെയ്യുവാനുള്ള അധികാരമാണ് താക്കോലിലൂടെ നൽകപ്പെട്ടിരിക്കുന്നത് .യേശു ബന്ധിച്ചതു പോലെ ഭൂതങ്ങളെ ബന്ധിക്കുവാനും പാപികളെ പാപ ബന്ധനങ്ങളിൽ നിന്നും രോഗികളെ രോഗബന്ധനങ്ങളിൽ നിന്നും മോചിക്കുവാനും ഉള്ള അധികാരം ശിഷ്യന്മാർക്കും നൽകപ്പെട്ടിരിക്കുന്നു . അപ്പോസ്തല പ്രവർത്തികളിൽ ധാരാളം തെളിവുകൾ കാണാവുന്നതാണ് . ആക്ഷരികമായ ഏതെങ്കിലും താക്കോൽ ഉപയോഗിച്ച് സ്വർഗ രാജ്യത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുവാൻ കഴിയുകയില്ല .
യേശു കൃസ്തുവിൻ്റെ കൂശു മരണവും ഉയിർപ്പുമാണ് പാപമോചനം സാധ്യമാക്കിയത്. സുവിശേഷ പ്രഘോഷണത്തിലൂടെയാണ് ഈ സന്ദേശം ജനങ്ങളിൽ എത്തിക്കേണ്ടതും പാപം മോചിക്കപ്പെടുന്നതും .പാപത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരെ അഴിച്ചുവിടുന്നത് യേശു കൃസ്തു നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ വിളംബരത്തിലൂടെയാണ് (റോമർ 6: 14 ) .പിശാചിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെ അഴിച്ചുവിടുന്നത് പിശാചിനെ പുറത്താക്കുന്നതിലൂടെയാണ് (അ .പ്ര 16:18 ) . യേശു തുടങ്ങി വച്ചത് തുടർന്നുകൊണ്ടിരിക്കുകയാണ് സഭയുടെ ദൗത്യം . താക്കോൽ കൈകളിൽ കിട്ടിയിട്ടും കതക് തുറക്കാതെ പുറത്തു നിൽക്കുന്ന ഒരാളെ സങ്കൽപ്പിച്ചു നോക്കുക .ആ വ്യക്തി ഞാനും നിങ്ങളും ആവാതിരിക്കട്ടെ .
ദൈവം നൽകിയ അധികാരം ഉപയോഗിച് അനേകരെ സ്വർഗ രാജ്യത്തിൽ എത്തിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .

Comments are closed.