കൊറോണയ്ക്ക് പിന്നാലെ ഡെങ്കിപ്പനി:കോഴിക്കോട് 37 കേസുകൾ സ്ഥിരീകരിച്ചു
കോഴിക്കോട് : കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാക്കി ഡെങ്കിപ്പനിയും. കോഴിക്കോട് ജില്ലയിൽ 37 കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.മണിയൂർ മേഖലയിലാണ് രോഗം പടർന്നുപിടിക്കുന്നത്. പ്രദേശത്ത് 33 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചോറോഡ് 11 പേർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറ്റ്യാടിയിൽ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. കൊറോണ പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടി റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്നുണ്ട്. കോഴിക്കോട് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തു, രോഗമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കും. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകൾ വളരാൻ സാഹചര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിങ്ങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
