ന്യൂഡല്‍ഹി : രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. നിയമ കമീഷന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളിയത്. ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവരാണ് ഹരജി നല്‍കിയത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് നിമി പുഷ്‌കര്‍ന എന്നിവരാണ് ഹരജികള്‍ പരിഗണിച്ചത്. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്നതാണ്. അതില്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാവില്ല. നിയമകമീഷന്‍ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അതില്‍ ഇടപെടുന്നത് കമീഷന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തലാണെന്ന് കോടതി പറഞ്ഞു. നിര്‍ദേശങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിയമ കമീഷന് സമര്‍പ്പിക്കാമെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
