കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ ക്രൈസ്തവ വിശ്വാസത്തെയും സന്യാസിനികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കലാസൃഷ്ടി പ്രദർശിപ്പിച്ചതിനെതിരെ കെ സി ബി സി ജാഗ്രതാ കമ്മീഷൻ രംഗത്ത്. അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യം അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നൽകി.
വർഷങ്ങൾക്കുമുമ്പ് ഒരു പ്രമുഖ മാസികയിൽ പ്രസിദ്ധീകരിക്കുകയും പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയും ചെയ്ത അതേ കലാസൃഷ്ടിയാണ് ബിനാലെയിൽ വീണ്ടും പ്രദർശിപ്പിച്ചത്. പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്മയും ലക്ഷ്യമിടുന്ന ബിനാലെ പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഇത്തരം വിവാദ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് അപലപനീയമാണെന്ന് കെ സി ബി സി വ്യക്തമാക്കി.
ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമാക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

Comments are closed.