ഛത്തീസ്‌ഗഡ്: ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങൾ ബലം പ്രയോഗിച്ച് കുഴിതോണ്ടി പുറത്തെടുക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതി കർശന നിലപാട് സ്വീകരിച്ചു. ഇത്തരം ക്രൂരമായ പ്രവർത്തികൾ അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ട ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച്, വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
മരണശേഷവും ഒരു വ്യക്തിയുടെ അന്തസ്സ് നിലനിർത്തണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും കോടതി നിരീക്ഷിച്ചു. പരമ്പരാഗതമായി എല്ലാ ഗ്രാമവാസികളും ഉപയോഗിച്ചിരുന്ന പൊതുശ്മശാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ വിലക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നിർബന്ധപൂർവ്വം പുറത്തെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റുന്നതും, സ്വന്തം മതാചാരപ്രകാരം സംസ്കാരം നടത്താൻ അനുവദിക്കാത്തതും വലിയ മനുഷ്യാവകാശ ലംഘനമാണ്.
ബസ്തറിൽ 20 വർഷം മുൻപ് സംസ്കരിച്ച ആളുടെ അസ്ഥികൾ വരെ കുഴിച്ചെടുത്ത് കത്തിച്ചുകളഞ്ഞ അതിദാരുണമായ സംഭവങ്ങളും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മരണശേഷവും നിലനിൽക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. ഗ്രാമങ്ങളിലെ പൊതു ഇടങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് വിവേചനപരമാണ്. ഈ! വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം കോടതി കൂടുതൽ നടപടികളിലേക്ക് കടക്കും. മൃതദേഹങ്ങളോടുള്ള ഈ അനാദരവ് അവസാനിപ്പിക്കാൻ കോടതിയുടെ ഇടപെടൽ നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

Comments are closed.