യഹൂദ ഉത്സവത്തിനിടെ തിക്കുംതിരക്കും; 44 മരണം
ടെൽ അവീവ്: ഇസ്രയേലിൽ ലക്ഷം പേർ പങ്കെടുത്ത യഹൂദ മതവിഭാഗത്തിന്റെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും കുറഞ്ഞത് 44 പേർ മരിച്ചു. പരിക്കേറ്റ 150 പേരിൽ 38 പേരുടെ നില ഗുരുതരമാണ്.വടക്കുകിഴക്കൻ ഇസ്രയേലിൽ മെറോൺ മലയുടെ അടിവാരത്ത് ഇന്നലെ പുലർച്ചെയായിരുന്നു ദുരന്തം. ലാഗ് ബി’ഒമർ എന്ന ഉത്സവാഘോഷത്തിനുശേഷം മടങ്ങുകയായിരുന്ന യഹൂദരാണു ദുരന്തത്തിനിരയായത്. ഇടുങ്ങിയ തെരുവിലെ പടിക്കെട്ടുകളിലൂടെ തിങ്ങിനിറഞ്ഞു നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലൊരാൾ കാൽ വഴുതിവീണതോടെയാണു തുടക്കമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. നിമിഷങ്ങൾക്കകം ഒട്ടനവധിപ്പേർ വീഴുകയും മറ്റുള്ളവർ ഇവരെ ചവിട്ടിമെതിക്കുകയും ചെയ്തു.രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷിമോൻ ബർ യോഹായി എന്ന യഹൂദ ദിവ്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആട്ടവും പാട്ടുമായി ചരമവാർഷികം ആഘോഷിക്കാനാണു യഹൂദരെത്തുന്നത്.വാക്സിനേഷനിലൂടെ കോവിഡ് വ്യാപനത്തെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞതിനാൽ ഉത്സവത്തിനു കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദുരന്തമേഖല സന്ദർശിച്ചു. ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
