കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഇന്ന് മുതല്‍ കര്‍ശന പരിശോധന
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ഇന്ന് മുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തും. വാക്സിനേഷന്‍ നടപടികളും വേഗത്തിലാക്കാനാണ് തീരുമാനം. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗവ്യാപനം തടയാനാണ് നിര്‍ദേശം. കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.കേസുകളുടെ എണ്ണം ഗണ്യമായി കൂടുന്ന പശ്ചത്തലത്തില്‍ തിരുവനന്തപുരത്ത് അടുത്ത ഒരാഴ്ച ജാഗ്രത വേണമെന്ന് കലക്ടര്‍ നവജോത് ഖോസെ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി ആള്‍ക്കൂട്ടം ഉണ്ടായി. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പ്രചാരണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ പ്രകടമായാല്‍ ഉടന്‍ തന്നെ പരിശോധന നടത്തണം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനങ്ങള്‍.
