കൊവിഡ് വ്യാപനം; വാക്സിൻ കയറ്റുമതി ഇന്ത്യ താല്‍ക്കാലികമായി നിർത്തി
ന്യൂഡൽഹി: ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന അസ്ട്രാസെനക കൊവിഡ് വാക്സിൻ കയറ്റുമതിയാണ് താൽക്കാലികമായി നിർത്തിവെച്ചതെന്ന് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു. കഴിഞ്ഞ വ്യാഴം മുതല്‍ വാക്സിന്‍ കയറ്റുമതി നടക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റ് വ്യക്തമാക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തോട് അടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്. എന്നാൽ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവെച്ചന്ന വാർത്തയോട് വിദേശകാര്യ മന്ത്രാലയമോ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോ പ്രതികരിച്ചിട്ടില്ല. ബ്രിട്ടണ്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും ഓഡര്‍ ചെയ്ത 10 മില്യൺ ഡോസ് വാക്സിനുകളിൽ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് യുകെയിലെ കൊവിഡ് വാക്സിന്‍ വിതരണ പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി ഉയർന്നിരിക്കുകയാണ്. 3,95,192 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,12,31,650 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 26,490 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 5,31,45,709 ആയി. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 251 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,60,692 ആയി ഉയർന്നിരിക്കുകയാണ്.
