Ultimate magazine theme for WordPress.

മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നു : വിമർശനവുമായി സുപ്രിം കോടതി

ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും തുറന്നടിച്ച് സുപ്രീംകോടതി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങൾ നൽകാണമെന്നും ഉത്തരവിട്ടു.

നഗ്‌നയാക്കപ്പെടുകയും ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്ത സ്ത്രീയുടെ മൊഴിയിൽ, തന്നെ ആൾക്കൂട്ടത്തിന് കൈമാറിയത് പൊലീസാണെന്നാണ് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തോ എന്നും ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോർട്ട് നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട് 6532 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തുഷാർ മേത്ത അറിയിച്ചു. എന്നാൽ, 6523 എഫ്ഐആറുകളിൽ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകൾ നശിപ്പിക്കൽ എന്നിങ്ങനെ ഏതൊക്കെ കുറ്റങ്ങളാണെന്ന് തരംതിരിച്ച് എഫ്ഐആറുകളുടെ വിവരം കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഈ 6,500 എഫ്‌ഐആറുകൾ മുഴുവൻ അന്വേഷിക്കാൻ സിബിഐക്ക് കഴിയില്ല. സംസ്ഥാന പൊലീസിനെ വിശ്വസിക്കാൻ കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് പഠിച്ചു പറയണം. അവിടെ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും നമ്മുടെ ആളുകളല്ലേ? അതുകൊണ്ട് ഇക്കാര്യത്തിൽ ശരിയായത് ചെയ്യണമെന്ന് നിർദേശിച്ച ചീഫ് ജസ്റ്റിസ്, ഹൈക്കോടതി മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അറിയിച്ചു. കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

Leave A Reply

Your email address will not be published.